Thursday 26 July 2012

വീണ്ടും.... വിഷമഴ പെയ്യിക്കാന്‍ കേന്ദ്രം..!


         
പണക്കാരന്ടെ പണപ്പെട്ടിക്കു പാവപ്പെട്ടവന്ടെ ജീവനേക്കാള്‍ വില കല്‍പ്പിക്കുന്ന ഒരു പറ്റം ആര്‍ത്തി പണ്ടാരങ്ങള്‍ ആണ് നമ്മെ ഭരിക്കുന്നതെന്ന് ഒരിക്കല്‍ കൂടെ തെളിയുന്നു...
അതാണല്ലോ കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനത്തില്‍ നിന്നും വ്യക്തമാകുന്നത്‌. എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം ഇന്ത്യയില്‍ ഉപയോഗിക്കാം എന്ന അനുമതിയാണ്‌ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്‌.


എന്‍ഡോസള്‍ഫാന്‍ കേരളത്തിലും, കര്‍ണ്ണാടകയിലും വന്‍ ദുരന്തം വരുത്തുകയും തലമുറകാളായി ആ ദുരന്തം അവിടത്തെ ജനങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുകയുമാണ്.എന്നാല്‍ ഇതൊന്നും കേന്ദ്രസര്‍ക്കാറിന്‌ കാണാന്‍ കഴിയുന്നില്ല.അവരുടെ കണ്ണ് കുത്തകകളുടെ പോക്കറ്റില്‍ നിന്നും പുരത്തെടുത്തിട്ടു വേണ്ടേ നാട്ടില്‍ നടക്കുന്നത് കാണാന്‍..??

എന്താണ്‌ എന്‍ഡോസള്‍ഫാന്‍?
ഷഡ്‌പദകീടങ്ങളെ നശിപ്പിക്കുന്നതിനായി ഇലകളില്‍ പ്രയോഗിക്കുന്ന കീടനാശിനിയാണ്‌ എന്‍ഡോസള്‍ഫാന്‍. കോളറാഡോ ബീറ്റില്‍, ഇലചുരുട്ടിപ്പുഴുക്കള്‍ എന്നിവയ്‌ക്കെതിരെയാണ്‌ ഇത്‌ പ്രയോഗിക്കപ്പെടുന്നത്‌. തവിട്ട്‌ നിറത്തിലുള്ള പൊടിരൂപത്തിലാണ്‌ എന്‍ഡോസള്‍ഫാന്‍ വിപണിയിലെത്തുന്നത്‌. കീടങ്ങളുടെ ശരീരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിലൂടെയോ ആഹാരത്തിലൂടെ അകത്തെത്തുന്നതിലൂടെയോ ആണ്‌ ഇതിന്റെ പ്രവര്‍ത്തനം. കീടങ്ങളുടെ നാഡീവ്യവസ്ഥയെ (Central Nervous System)   തകര്‍ക്കുന്നതിലൂടെയാണ്‌ എന്‍ഡോസള്‍ഫാന്‍ പ്രവര്‍ത്തനക്ഷമമാവുന്നത്‌.

എന്ത് കൊണ്ട് നമുക്കിത് വേണ്ടാ...
1. ആഹാരത്തിലൂടെ ശരീരത്തിലെത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം. മുതിര്‍ന്നവരില്‍ 0.015 മില്ലി ഗ്രാമിന്‌ അപായം വരുത്താം. കുട്ടികളില്‍ 0.0015 മില്ലിഗ്രാം മതിയാവും.
2. തലച്ചോറിനെയും കേന്ദ്രനാഡീവ്യവസ്ഥയേയും ബാധിക്കുന്നതുമൂലം, ബുദ്ധി, മരവിക്കും. (Learning disabilities, Low IQ) ശാരീരിക പ്രവര്‍ത്തനങ്ങള്‍ അസാധ്യമാവും.
3. സ്‌ത്രീ ഹോര്‍മോണായ ഈസ്‌ട്രജന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുന്നതിലൂടെ പുരുഷന്‍മാരിലെ ലൈംഗീകത നശിപ്പിക്കും. ആണ്‍കുട്ടികളിലെ ലൈംഗിക വളര്‍ച്ചയെ തടയും. പെണ്‍കുട്ടികള്‍ നേരത്തെ ഋതുമതിയാവും. ഹോര്‍മോണ്‍ വ്യവസ്ഥ താറുമാറാകും.
4. വൃക്കകള്‍, കരള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ തകര്‍ക്കും. ചുവന്ന രക്തകോശങ്ങള്‍, വെളുത്ത രക്തകോശങ്ങള്‍ എന്നിവയെ നശിപ്പിക്കും. രക്തകോശങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടാക്കും. മുലപ്പാലിലൂടെ കുഞ്ഞുങ്ങളുടെ ശരീരത്തിലേക്കെത്തും.
5. ക്രോമസോമുകളുടെ ഘടനയില്‍ മാറ്റമുണ്ടാക്കുന്നതിലൂടെ ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും അംഗഭംഗങ്ങള്‍ക്കും കാരണമാവും. ഗര്‍ഭാവസ്ഥയ്‌ക്കോ അതിനുമുമ്പോ ഉള്ള എന്‍ഡോസള്‍ഫാന്‍ ബാധ ഇതിന്‌ കാരണമാകും.
6. ജനിതകമാറ്റങ്ങള്‍ (Mutations)ക്ക്‌ കാരണമാകുന്നതിലൂടെ അടുത്ത തലമുറയിലേക്ക്‌ ദുരന്തങ്ങളെ എത്തിക്കും.
7. സ്‌തനാര്‍ബുദം, തലച്ചോറിലെ ക്യാന്‍സര്‍, രക്താര്‍ബുദം എന്നിവക്ക്‌ കാരണമാകുന്നു.
8. ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ (Immunilogycal System)യെ തകരാറിലാക്കുന്നതിലൂടെ മറ്റ്‌ രോഗങ്ങള്‍ വന്നുപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.




അല്ലേലും കേരള ജനത ഒന്നായി സമരരംഗത്തിരങ്ങിയിട്ടും ഈ കൊടും വിഷം സ്വന്തം ജനതയുടെ മേലെ തളിക്കുന്നത് നിര്‍ത്താന്‍ ഈ രാക്ഷസ ഭരണകൂടം ചെറുവിരല്‍ പോലും അനക്കിയിരുന്നില്ലാ..!!
2008-2010സമയത്ത് ഓസ്ട്രേലിയ ഉള്‍പ്പെടെ 73 രാജ്യങ്ങള്‍ ഈ ഭീകര വിഷം നിരോധിച്ചു.
അതും നമ്മുടെ കാസര്‍ക്കൊട്ടില്‍ നിന്നുള്ള കരളയിപ്പിക്കുന്ന ദ്രിശ്യങ്ങള്‍ കണ്ടിട്ട്...
എന്നിട്ടും നമ്മുടെ ഏമാന്മാര്‍ അത് കണ്ടില്ലെന്നു മാത്രമല്ലാ അടുത്ത വര്ഷം നടന്ന ജനീവ ഉച്ചകോടിയില്‍ എന്‍ഡോസള്‍ഫാന് അനുകൂലിക്കുകയും ചെയ്തു..
അപ്പോളേക്കും ദുബെ, മായീ കമ്മീഷനുകളെ ഇറക്കി വിഷമടിച്ചു ജനതയെ കൊല്ലാന്‍ തങ്ങള്‍ പറയുന്ന മൊടന്തന്‍ ന്യായങ്ങള്‍ക്ക്  സര്‍ട്ടിഫിക്കറ്റു ഉണ്ടാക്കുകയായിരുന്നു മാന്യന്‍മാര്‍...
ഒരു ജനതയുടെ ജീവന്മരണപ്പോരാട്ടത്തിനു മുന്നില്‍ പോലും
തലകുനിക്കാന്‍ ഈ കാട്ടാളന്മാര്‍ തയ്യാറായില്ലാ
അന്നും കേരളത്തില്‍നിന്നും എണ്ണം പറഞ്ഞ മാന്യന്മാര്‍ കേന്ദ്രത്തില്‍
അള്ളിപ്പിടിച്ചിരിപ്പ് ഉണ്ടായിരുന്നിട്ടും കൂടി...

ഒടുക്കം ഇന്ത്യയിലെ പ്രമുഖ യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ. സുപ്രീംകോടതിയില്‍ എന്‍ഡോസള്‍ഫാന്‍  നിരോധിക്കണമെന്നാവശ്യപ്പെട്ട് അന്യായം ഫയല്‍ ചെയ്തതിനെത്തുടര്‍ന്നു 2011 മെയ് 13 മുതല്‍ എട്ടാഴ്ചത്തേക്ക്  എന്‍ഡോസള്‍ഫാന് വില്പനയും ഉപയോഗവും രാജ്യമാകെ നിരോധിച്ചു.



നിരോധനത്തിനെതിരായി കേന്ദ്രസര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മാത്രമല്ല, എന്‍ഡോസള്‍ഫാന് ഉത്പാദനത്തിനായുള്ള ലൈസന്‍സുകള്‍ ഇനിയൊരു ഉത്തരവുവരെ മരവിപ്പിക്കുകയും ചെയ്തു.
ഒടുവില്‍ 2011 സെപ്തംബര്‍ 30 ന് സുപ്രീംകോടതി രാജ്യവ്യാപകമായി നിരോധിച്ചതായി പ്രഖ്യാപിച്ചു.


കേന്ദ്രന്‍ വിടുന്ന ലക്ഷണം കാണുന്നില്ലാ..
ഇപ്പൊ ഇതാ കര്‍ണാടകയും കേരളവും ഒഴികെ ഇന്ത്യയില്‍ ഈ കൊടും വിഷം വില്‍ക്കാം എന്ന് പറയുന്നു...
അവിടെ സുപ്രീം കോടതി വിധി ബാധകമല്ലേ എന്ന് വേറെ ചോദ്യം..
തിരഞ്ഞെടുപ്പുകള്‍ എല്ലാം കഴിഞ്ഞു ഇനിയിപ്പം എന്തും ആകാലോ...?
ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ഒന്നുരണ്ടു ദില്ലി യാത്രയോ നാലഞ്ചു കത്തോ എഴുതി കേരള മാന്യന്മാര്‍ക്കും രക്ഷപ്പെടാം.
നഷ്ട്ടം നിരാലംബരും നിസ്സഹായരുമായ ഒരു പറ്റം ഇരകള്‍ക്ക് മാത്രം.
ഹൃദയത്തില്‍ പായലുപിടിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും ഈ പാവം ജനതക്ക് മുന്‍പില്‍ കണ്ണടക്കാനാകില്ലാ..
സുഹുര്‍ത്തെ നമുക്ക് വിശ്രമിക്കാന്‍ സമയമായിട്ടില്ലാ..
ഒരുപറ്റം കുത്തകള്‍ക്ക്‌ വേണ്ടി സ്വന്തം ജനതയെ വിഷമടിച്ചു കൊല്ലാക്കൊല ചെയ്യുന്ന കാട്ടാള ഭരണകൂടത്തിനെതിരെ രാഷ്ട്രീയ മത സാമുദായിക ചിന്തകള്‍ക്കതീതമായി നാം ഒരുമിച്ചേ മതിയാകൂ..
കാരണം ഇത് കേവലം ഭരണം മറിക്കാനുള്ള സമരമല്ലാ..
നമ്മുടെ  സഹോദരീ സഹോദരന്മാര്‍ക്ക്-
ജീവിക്കാനുള്ള പോരാട്ടമാണ്...
നമുക്കിത് വിജയിപ്പിച്ചേ പറ്റൂ...






Monday 23 July 2012

പ്രണയം...



"പ്രണയം" പ്രാണനേക്കാള്‍
വലുതെന്നു പറയാനായവള്‍ക്കൊരു മുറി -
കയറേ വേണ്ടി വന്നുള്ളൂ..!
പിരിയാന്‍ കഴിയാത്ത വിധം
പിരിഞ്ഞിരിക്കുന്ന ഒരു മുഴം കയര്..!!‍


പ്രാണനോളം പ്രണയിച്ച പ്രിയനേ,
പ്രാണി പോല്‍ കളഞ്ഞിട്ടു പോകാന്‍
ഒരുത്തിക്കൊരു വാക്കുപോലും വേണ്ടി വന്നില്ലാ..!!




*

Wednesday 11 July 2012

കൂട്ടുകാരോട് സ്നേഹപൂര്‍വ്വം...!!

 
        "ഒരു പിടി മോഹങ്ങളും,
         ഒത്തിരി പ്രതീക്ഷകളുമായി ഞാനും വരുന്നു‍ നിങ്ങളിലേക്ക്
       എന്നെ സ്വീകരിക്കും എന്ന വിശ്വാസത്തോടെ....."
 
ആദ്യത്തിലേക്ക്...